ഇസ്ലാമിലെ സാഹോദര്യത്തെയും, ഇസ്ലാമിലേക്ക് കടന്നു വരുന്നവരെ സ്വീകരിക്കേണ്ടതിന്റെയും പ്രാധാന്യം പറയുമ്പോ പല പ്രഭാഷകരും പറയാറുള്ള ഒരു സംഭവമാണ് മുകളിൽ കൊടുത്തത്.മുഹാജിറുകളുടെയും അൻസ്വാറുകളുടെയും ചരിത്രത്തിൽ അൻസ്വാറുകളുടെ വിശാല മനസ്സിനെയും ഔദാര്യത്തെയും ഉയർത്തി കാണിക്കാൻ പലരും പറയാറുള്ളതാണിത്,
മുഹാജിറുകൾ നാടും വീടും കുടുംബവും വെടിഞ്ഞു മക്കയിൽ നിന്ന് മദീനയിലേക്ക് വന്നപ്പോൾ അൻസ്വാറുകൾ അവരിൽ ഓരോരുത്തരേയും സ്വീകരിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു.
'ഇതാ, ഞങ്ങളുടെ സ്വത്തുക്കൾ നിങ്ങൾക്ക് പകുതിയെടുക്കാം, ഇതാ ഞങ്ങളുടെ വീട് നിങ്ങൾക്ക് പകുത്തു തരാം, ഇതാ ഞങ്ങളുടെ ഭാര്യമാർ അവരിൽ നിങ്ങൾക്കിഷ്ടമുള്ളവളെ തിരഞ്ഞെടുക്കാം, അവളെ ത്വലാഖ് ചൊല്ലി തരാം, എന്നിട്ട് നിങ്ങൾ അവളെ വിവാഹം കഴിച്ച് കൊള്ളൂ. അങ്ങനെ അവർ തങ്ങളുടെ ഭാര്യമാരെ ത്വലാഖ് ചൊല്ലി മുഹാജിറുകൾക്ക് വിവാഹം കഴിപ്പിച്ചു കൊടുത്തു…
ചില ഗ്രന്ഥങ്ങളിൽ ഈ രൂപത്തിൽ വന്നിട്ടുണ്ട് എന്നത് ശെരി തന്നെ മാത്രമല്ല
നമ്മുടെ പല പ്രാസംഗികൻമാരും പ്രസംഗിക്കുമ്പോൾ അവരെ വിവാഹം ചെയ്ത് കൊടുത്തു എന്ന രൂപത്തിലാണ് പറയാറുള്ളതും, പക്ഷെ സത്യത്തിൽ ഒരൊറ്റ അൻസ്വാരിയും ഒരു മുഹാജിറിനും തന്റെ നിലവിലുള്ള ഭാര്യയെ ത്വലാഖ് ചെയ്തിട്ട് വിവാഹം കഴിപ്പിച്ച് കൊടുത്തിട്ടില്ല.
ശരിയായ സംഭവം ഇങ്ങനെയാണ്. അൻസാറുകളുടെ മഹത്വവും, മുഹജിറുകളോടുള്ള അവരുടെ സ്നേഹവും ഖുർആനിൽ തന്നെ അള്ളാഹു പുകഴ്ത്തിയിട്ടുള്ളതാണ്,
മുഹാജിറുകൾ മദീനയിൽ വന്നപ്പോൾ ഓരോ മുഹാജിറിനും ഒരു അൻസ്വാരിയെ സഹോദരനായി റസൂൽ (സ ) നിശ്ചയിച്ചു നൽകുകയുണ്ടായി. സഅദ്ബ്നു റബീഅ്(റ) അദ്ദേഹം സഹോദരനായി സ്വീകരിച്ചത് മുഹാജിറായ അബ്ദു റഹ്‌മാൻ ഇബ്നു ഔഫ്(റ)വിനെയാണ്. സഅദ്(റ)വിന് വളരെ ആവേശവും ആത്മാർത്ഥതയും ആതിഥ്യമര്യാദയും കൂടുതലായതുകൊണ്ട് ഇങ്ങനെ പറഞ്ഞു: 'ഇതാ, എന്റെ സ്വത്തുക്കൾ നിങ്ങൾ പകുതി എടുത്തോളൂ, ഇതാ എന്റെ വീട് നിങ്ങൾ പകുതി ഉപയോഗിച്ചോളൂ, എന്റെ ഭാര്യമാരിൽ നിങ്ങൾക്ക് ഇഷ്ടമുള്ളവളെ ചൂണ്ടികാണിക്കൂ, ഞാൻ ത്വലാഖ് ചൊല്ലി നിങ്ങൾക്ക് വിവാഹം ചെയ്ത് തരാം...'
ഇതുകേട്ട അബ്ദുറഹ്മാൻ ഇബ്നു ഔഫ് പറഞ്ഞു; ബാറക്കല്ലാഹു മാലിക വ അഹ്‌ലിക, താങ്കൾ എനിക്ക് സൂക്ക്(അങ്ങാടി) കാണിച്ച് തരൂ, ശേഷം അദ്ദേഹം സൂക്കിൽ പോയി, അവിടെ കച്ചവടം ചെയ്ത് വലിയ പണക്കാരനായി മാറി, പിന്നീട് ഒരു അൻസ്വാരി പെൺകുട്ടിയെ വിവാഹം കഴിച്ചു...( അദ്ദേഹം അത്തർ പുരട്ടി വന്നപ്പോൾ റസൂൽ (സ ) കാര്യം അന്വേഷിക്കുകയയും ഞാനൊരു അൻസാരി പെൺകുട്ടിയെ വിവാഹം ചെയ്‌തെന്ന് പറയുകയും ചെയ്തു ഒരു ആടിനെ അറുത്തെങ്കിലും വലീമ നൽകാൻ റസൂൽ കല്പിച്ചു ഇത് നമ്മൾ കേട്ട സ്വഹീഹായ ചരിത്രമാണ്.
ഈ സംഭവം ബുഖാരിയിലെ ഹദീസിൽ വന്നത് മുകളിലുള്ളപ്രകാരമാണ്.
ഇതാണ് ഈ സ്വാഹാബികളുടെ ചരിത്രം അതായത് അബ്ദു റഹ്മാൻ ബിൻ ഔഫ് സഅദിന്റെ ( റ ) വാഗ്ദാനത്തെ നിരാകരിക്കുകയും അള്ളാഹു തനിക്ക് അനുഗ്രഹം നൽകുന്നത് വരെ കച്ചവടത്തിൽ പരിശ്രമിക്കാൻ തീരുമാനിക്കുകയാണ് ചെയ്തത്. (ഫത്താവാ ഇബ്നു ബാസ് )
ഇപ്രകാരമാണ് ചരിത്രത്തിലുള്ളത്, പക്ഷെ ഇത് എങ്ങനെയോ പറഞ്ഞുപറഞ്ഞ് മുഴുവൻ അൻസ്വാരികളും ഇപ്രകാരം ചെയ്തു എന്ന രൂപത്തിൽ വന്നു എന്ന് മാത്രം. സത്യത്തിൽ ഈ കഥ പറയുമ്പോൾ ഇസ്ലാമിൽ വൈവാഹിക ജീവിതത്തിന് ഇത്രയേ വിലയുള്ളു, ഒരു സുഹൃത്ത് വരുമ്പഴേക്കും തന്റെ ഭാര്യയെ ഒഴിവാക്കി അയാൾക്ക് കൊടുക്കുക എന്നത് ശരിയാണോ എന്നൊക്കെ ഒരു ചെറിയ സന്ദേഹം നമ്മുടെ മനസ്സിലേക്ക് വരാൻ സാധ്യതയുണ്ട്.
എന്തായാലും ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്നതാണ് വാസ്തവം. ഒരു സ്വഹാബി തന്റെ ഹൃദയ വിശാലത കൊണ്ട് അങ്ങനെ പറഞ്ഞു,.എങ്കിലും മറ്റെയാൾ അത് നിരാകരിക്കുകയും ചെയ്തു എന്നതാണ് ശരിയായ ചരിത്രം.
മാത്രമല്ല ഈ സംഭവം നടക്കുന്ന കാലവും സാഹചര്യവും അവരുടെ അവസ്ഥയും നമുക്ക് ചന്തിക്കാവുന്നതിനേക്കാൾ അപ്പുറത്താണ് അവരുടെ കാലത്തുണ്ടായിരുന്ന പല അവസ്ഥകളും നമുക്ക് ഈ കാലത്ത് താരതമ്യം ചെയ്യാൻ പോലും സാധിക്കാത്തതാണ്.സ്വാഹാബികളുടെ അങ്ങേ അറ്റത്തെ ഈമാനിന്റെയും സാഹോദര്യത്തിന്റെയും വിശാല മനസ്കതയുടെയും ഉന്നതമായ അവസ്ഥയാണിത്.
ഞാനെന്റെ ഹൃദയം പകുത്തു നൽകാം എന്ന് അങ്ങേയറ്റത്തെ സ്നേഹത്തിലുള്ള ഒരാളോട് പറയുന്നത് യഥാർത്ഥത്തിൽ നെഞ്ച് പൊളിച്ചു ഹൃദയത്തിന്റെ പകുതി നൽകാം എന്നല്ലല്ലോ!!!!!
സ്വാഹാബികൾ ഈമാനിലും തഖ് വയിലും, സാഹോദര്യത്തിലും നമുക്കെല്ലാം മാതൃകയാണ് അള്ളാഹു അവരുടെ കൂടെ നമ്മളെയും സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ,