നമ്മൾ ഒരുപാട് കേട്ട കഥയാണിത്. ഒരിക്കൽ ഉമർ(റ)വിന്റെ അടുത്തേക്ക് ഒരു കൊലയാളിയായ അഅ്റാബിയെ ശിക്ഷ നടപ്പാക്കാൻ കൊണ്ടുവന്നു.
കൊല ചെയ്യാനുള്ള കാരണമൊക്കെ ഉമർ(റ)ചോദിച്ചറിഞ്ഞു.
അയാൾ പറഞ്ഞു ഞാൻ കല്ലുകൊണ്ട് അടിച്ചാണ് കൊല നടത്തിയത് എന്ന്.
ഉമർ(റ) പറഞ്ഞു: ഞാൻ നിന്റെ ശിക്ഷ നടപ്പാക്കാൻ പോവുകയാണ്!
അതുകേട്ട അഅ്റാബി പറഞ്ഞു. എന്റെ ഉപ്പ നാട്ടിൽ മരണപ്പെട്ടിട്ടുണ്ട്, എനിക്ക് 3 ദിവസം സമയം തരണം, എനിക്ക് ഒരു ചെറിയ അനിയനുണ്ട്, ഞങ്ങൾക്ക് വേണ്ടി ഞങ്ങളുടെ ഉപ്പ ഒരു നിധി കുഴിച്ചിട്ടിട്ടുണ്ട്, അത് എവിടെയാണ് എന്ന് എനിക്ക് മാത്രമേ അറിയുകയുള്ളു, എനിക്കുള്ള ശിക്ഷ നടപ്പാക്കിയാൽ ആ നിധി നഷ്ടമായിപ്പോകും, എന്റെ ഉപ്പയും മരിച്ചുപോയി, എന്റെ സഹോദരന് അത് കിട്ടില്ല, അതിനാൽ അവന് ആരുമില്ലാതായി പോകും എന്നൊക്കെ പറഞ്ഞു. അതുകൊട്ടപ്പോൾ ഉമർ(റ) ചോദിച്ചു നിന്നെ മൂന്ന് ദിവസത്തേക്ക് വിട്ടാൽ നീ തിരിച്ചുവരുമെന്ന് എന്താണ് ഉറപ്പ്.?
അപ്പോൾ അയാൾ തനിക്ക് ജാമ്യം നിൽക്കാൻ ആരെയെങ്കിലും കിട്ടുമോ എന്നറിയാൻ കൂടി നിന്നവരിലേക്ക് നോക്കി.
കൂട്ടത്തിൽ നിന്ന് അബൂദർറ്(റ) ജാമ്യം നിൽക്കാൻ തയ്യാറാണ് എന്ന് പറഞ്ഞു. അപ്പോൾ ഉമർ(റ) പറഞ്ഞു: യാ അബാദർറ് താങ്കൾക്കിയാളെ അറിയില്ല, അദ്ദേഹം തിരിച്ചു വാരാതിരുന്നാൽ താങ്കളെയാവും ശിക്ഷിക്കുക. അങ്ങനെ ഈ നീണ്ട കഥയിൽ അബൂദർറ്(റ) ജാമ്യം നിൽക്കുകയും അഅ്റാബി നിധി എടുക്കാൻ നാട്ടിലേക്ക് പോയി ഒന്നാമത്തെയും രണ്ടാമത്തേയും മൂന്നാമത്തേയും ദിവസം കഴിയാനിരിക്കുന്ന വേളയിൽ ജാമ്യം നിന്ന അബൂദർറിനെ ശിക്ഷിക്കാൻ പോവുകയാണ് എന്ന നിലയിലേക്ക് കാര്യങ്ങളെത്തി.
എന്നാൽ മൂന്നാമത്തെ ദിവസം മഗ്‌രിബ് ആയപ്പോഴേക്ക് ആ അഅ്റാബി തിരിച്ചുവന്നു.
ശേഷം അയാൾ വരാൻ താമസിച്ചതിൽ മാപ്പ് പറഞ്ഞു.
താൻ നിധി എടുക്കുകയും സഹോദരന് നൽകുകയും ചെയ്തു എന്നും അതിനാൽ ഇനി എൻ്റെ ശിക്ഷ നടപ്പാക്കണമെന്നും പറഞ്ഞു. എന്താണ് താങ്കളെ ജാമ്യം നിൽക്കാൻ പ്രേരിപ്പിച്ചത് എന്ന് ഉമർ(റ) അബൂദർറ്(റ)നോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: 'ആളുകളുടെ നന്മ നഷ്ടപ്പെട്ടുപോയി എന്ന് ജനങ്ങൾ വിചാരിക്കാതിരിക്കാനാണ് ഞാൻ അദ്ദേഹത്തിന് ജാമ്യം നിന്നത് എന്ന്'
ചുരുക്കി പറഞാൽ ഉമറുബ്നുൽ ഖത്വാബ് അഅ്റാബിയെ ശിക്ഷയിൽ നിന്നൊഴിവാക്കി കൊടുത്തു എന്നാണ്, എന്നിട്ട് പറഞ്ഞു 'വിട്ടുവീഴ്ച്ച എന്നുള്ളത് ജനങ്ങളിൽ നിന്ന് മാറിപ്പോയിരിക്കുന്നു എന്ന് ജനങ്ങൾ പറയാതിരിക്കാനാണ് ഞാൻ ഇദ്ദേഹത്തെ വെറുതെ വിടുന്നത് എന്ന്!
ഈ കഥയും നേരത്തെ പറഞ്ഞത് പോലെ തെളിവില്ലാത്ത ഒന്നുമാത്രമാണ്. ചരിത്ര ഗ്രന്ഥങ്ങളിലോ അസറുകളിലോ ഈ സംഭവം ഉദ്ദരിക്കപ്പെട്ടിട്ടില്ല എന്നാണ് ഉലമാക്കൾ ഇതിനെ സംബന്ധിച്ചു പറയുന്നത്.