53. അനാഥക്കുട്ടികളുടെ മുന്നിൽ വച്ചു സ്വന്തം കുട്ടികളെ താലോലിക്കാൻ പാടില്ല എന്ന് നബി(സ) പറഞ്ഞു എന്ന് പറയപ്പെടുന്ന ഹദീസ്?

അനാഥ കുഞ്ഞിന്റെ മുന്നിൽ വെച്ച് സ്വന്തം കുഞ്ഞിനെ താലോലിക്കരുത്?

സാധാരണയായി ശിശുദിനം ഒക്കെ വന്നാൽ സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ ഷെയർ ചെയ്യുന്ന ഒരു വാചകമാണിത്, സമൂഹത്തിലെ പല പ്രമുഖരും ഇത് പ്രവാചക വചനമാണെന്ന് തെറ്റിദ്ധരിച്ചു ഇങ്ങനെ പോസ്റ്റ്‌ ചെയ്യാറുണ്ട്.
അനാഥകുഞ്ഞിന്റെ മുന്നിൽ വെച്ച് സ്വന്തം കുഞ്ഞിനെ താലോലിക്കരുതെന്ന് കല്പിച്ച പ്രവാചക വചനത്തെക്കാൾ വലിയൊരു സന്ദേശം എനിക്ക് ഈ ശിശു ദിനത്തിൽ എനിക്ക് നൽകാനില്ല എന്നൊക്കെ പലരും എഴുതിക്കാണാറുണ്ട്.
പലപ്പോഴും OV വിജയന്റെ പേരിലാണ് ഇത് പ്രചരിക്കാറുള്ളത്.

എന്റെ അന്വേഷണത്തിൽ ഇങ്ങനെ ഒരു വാക്ക് റസൂലിന്റെതായി ഒരു ഹദീസ് ഗ്രന്ഥത്തിലും ഇല്ല എന്നാണ് മനസ്സിലായത്.
ദഈഫ് ആയിട്ട് പോലും ഇങ്ങനെ ഒരു വാചകം കാണുന്നില്ല.

അനാഥ സംരക്ഷണത്തിൽ റസൂലിന്റേതായി നിരവധി സ്വഹീഹായ ഹദീസുകൾ വന്നിട്ടുണ്ട് എന്ന് മാത്രമല്ല അനാഥയെ സംരക്ഷിക്കണം എന്നതിനപ്പുറം അനാഥയെ ആദരിക്കണം എന്നാണ് ഖുർആനും ഹദീസും നമ്മെ പഠിപ്പിക്കുന്നത്.
ഖുർആനിലെ നിരവധി ആയത്തുകൾ അനാഥകളെ ആദരിക്കുന്നതിനെയും സംരക്ഷിക്കുന്നതിനെയും, അവരോട് നീതി കാണിക്കുന്നതിനെയും കുറിച്ച് നമ്മെ ഉണർത്തുന്നു.

ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വർഗ്ഗത്തിൽ ഇപ്രകാരമാണെന്ന് തന്റെ രണ്ട് വിരലുകൾ ഉയർത്തി റസൂൽ പറഞ്ഞിട്ടുണ്ട്,
മനസ്സ് കടുത്തു പോയി എന്ന് പരാതി പറഞ്ഞ ആളോട് റസൂൽ കല്പിച്ചത് അനാഥകുട്ടിയുടെ തലയിൽ തടവാനും പാവങ്ങൾക്ക് ഭക്ഷണം നൽകാനുമാണ്.

ഇത്രയധികം ഖുർആൻ വചനങ്ങളും സ്വഹീഹായ ഹദീസുകളും ഉണ്ടായിരിക്കെ റസൂൽ(സ)പറഞ്ഞു എന്ന് പറഞ്ഞു ഇല്ലാത്ത ഒരു വാചകം പ്രചരിപ്പിക്കേണ്ട ആവശ്യമില്ല.
ഈ വാചകം ശെരിയാരിക്കും എന്ന ധാരണയിലാവാം പലരും ഇപ്രകാരം ചെയ്യുന്നത്.

റസൂലിന്റെ(സ)പേരിൽ സ്ഥിരപ്പെട്ട ഹദീസുകൾ മാത്രം റസൂലിലേക്ക് ചേർത്ത് പറയുക, കാരണം ആരെങ്കിലും റസൂലിന്റെ പേരിൽ മനപ്പൂർവ്വം കളവ് പറഞ്ഞാൽ അവനു നരകം ഉറപ്പിക്കാമെന്ന് റസൂൽ(സ)പഠിപ്പിച്ചിട്ടുണ്ട്


52. അബൂബക്കർ(റ) ന്റെ 2 ദിവസത്തെ അമൽ കൊടുത്താൽ ഉമർ(റ) തന്റെ ജീവിതകാലം മുഴുവൻ ചെയ്ത അമലും നൽകാം എന്ന് ഉമർ (റ) പറഞ്ഞു എന്ന് പറയപ്പെടുന്ന സംഭവം?